ഉറക്കം
മണ്ണിൽ നിന്ന് ചികഞ്ഞെടുത്തപ്പോൾ
കിട്ടിയത് നനുത്ത എല്ലിൻ കഷണങ്ങൾ
ആയിരുന്നു
വെളുത്ത രോമങ്ങൾ
മണ്ണിനോട് ചേരാതെ
കിടന്നിരുന്നു
അതിലെൻറെ തലോടലുകൾ
ഒളിച്ചിരുന്നു
ഞാൻ കുത്തിയ ചെമ്പരത്തിപ്പൂക്കളിലെ
ചുവപ്പ് രാശി ചുറ്റും പടർന്നിരുന്നു
അതിലൂടെ നടന്നു പൊയ്ക്കൊണ്ടിരുന്ന
ഉറുമ്പുകൾ കഥപറയുന്നുണ്ടായിരുന്നു
ഒരിക്കൽ ഒരുപൂച്ച നിറവയറുമായി
ഇവിടെ വരുന്നെന്നും മൂന്ന് കുഞ്ഞുങ്ങളെ
ഭൂമിക്കു നൽകിയിട്ടു
ഇരുട്ടിലേക്ക് നടന്ന് പോയെന്നും
അവരിലോരോരുത്തർ
മണ്ണിൽ അലിഞ്ഞു ചേർന്നെന്നും
അതിലേറ്റം ബലഹീനൻ
നോക്കു അവിടെ ചാടി
കുത്തിമറിഞ്ഞു കളിക്കുന്നുവെന്നും
ബാക്കി ഉള്ളവർ ഭൂമിയുടെ അഗാധതയിൽ
ഉറങ്ങുന്നു വെന്നും
ഇപ്പോഴും ചെവി ഭൂമിയിലേക്ക് ചേർത്തുവെച്ചാൽ
അവരുടെ ഉറക്കത്തിൻറെ ശബ്‍ദം കേൾക്കാമെന്നും
അവരുറക്കം ഉണർന്നാൽ ഒരു ചെമ്പരത്തി പൂവായി ഇവിടെ
തിരികെ എത്തുമെന്നും കഥകൾ പറഞ്ഞു നടന്നു






0 Comments:
Post a Comment